“ ‘’ഇന്ത്യ” എന്ന ആശയം ആക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് ഇന്ത്യയുടെ ശബ്ദം തട്ടിയെടുക്കപ്പെടുന്നു.ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമാണ്, അതിനാലാണ് ഇന്ത്യയെന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എൻഡിഎയും ഇന്ത്യയും തമ്മിലാണ്. നരേന്ദ്ര മോദിയും അവരുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്". ബംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞ വാക്കുകളാണിവ.2014 മുതൽ രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 2019ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളും വോട്ട് വീഹിതവും നേടി.രണ്ടാം തവണയും അധികാരം നേടിയതോടെ സംഘപരിവാർ അവരുടെ വിഭാഗീയജണ്ടകൾ നടപ്പിലാക്കാനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ്.കഴിഞ്ഞ ഒരു വർഷമായി രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന കാര്യം കൂടുതൽ വ്യക്തമായി വരികയാണ്.ഇങ്ങനെയൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒത്തൊരുമിച്ച് നിന്ന് ബിജെപിയെ അധികാരത്തുനിന്ന് തുരത്തി ഓടിക്കണം എന്ന ചിന്ത പ്രതിപക്ഷ കക്ഷികളിൽ നിന്ന് ഉയർന്നുവന്നത്.
കാലങ്ങളായി പരാജയത്തിന്റെ പഴികൾ മാത്രം കേൾക്കേണ്ടി വന്ന കോൺഗ്രസിന് കരുത്തുപകർന്ന ഒന്നാണ് കർണാടകയിലെ തിളക്കമാർന്ന വിജയം.പ്രതിപക്ഷ നിരയിൽ പ്രധാനിയാണ് തങ്ങൾ എന്ന് ഉറക്കെ വിളിച്ചു പറയാനും കോൺഗ്രസിന് സാധിച്ചു.ദക്ഷിണ ഇന്ത്യ ബിജെപി മുക്തമായതോടെ ദേശീയതലത്തിൽ മോദി സർക്കാറിന് തറപറ്റിക്കാനുള്ള ആലോചനക്ക് രൂപം വന്നു തുടങ്ങി.പ്രതിപക്ഷ നിരയെ സംയോജിപ്പിക്കുക എന്നത് തന്നെയാണ് ഇതിനായി സ്വീകരിക്കേണ്ടത്.നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൂടിക്കാഴ്ചകളാ യിരുന്നു ആദ്യം നടന്നത്.എൻഡിഎ സഖ്യം വിട്ടത് മുതൽ നിതീഷിന്റെ ഭാഗത്തുനിന്ന് പ്രതിപക്ഷ നിരയെ യോജിപ്പിക്കാനുള്ള തന്ത്രങ്ങൾ തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ സ്വരങ്ങളെ നിശ്ചലമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്നത്.ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടങ്ങുന്ന നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമച്ച് അറസ്റ്റ് ചെയ്തതിന് എഎപി വൃത്തങ്ങളിൽ നിന്നുണ്ടായ അമർഷം ചെറുതല്ല.രാഹുൽ ഗാന്ധിയെ പാർലമെൻറിൽ നിന്ന് അയോഗ്യയാക്കിയതിന്റെ കോലാഹലങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.നിരന്തരം പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉണ്ടാകുന്ന ഇ ഡി റെയ്ഡുകൾ തുടർന്നുകൊണ്ടിരിക്കുന്നു. ഭരണകൂടവേട്ടയാടലിനെതിരെ ശബ്ദമുയർത്തുന്നത് വേണ്ടവിധം ഫലവത്താകാത്തതും ഇത്തരമൊരു സഖ്യത്തിന് പാർട്ടികളെ പ്രേരിപ്പിച്ചിട്ടുണ്ട്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്നയിൽ നടന്ന ആദ്യ യോഗം തന്നെ ഏറെ പ്രാധാന്യമുളളതാണ്. .കാലങ്ങളായി ഒരേ പ്രസ്ഥാനത്തിനെതിരെ നിലകൊണ്ടിട്ട് പോലും പരസ്പരം വേദി പങ്കിടാൻ പോലും പല പ്രതിപക്ഷകക്ഷികളും ഇത് വരെ തയ്യാറായിരുന്നില്ല. പ്രാദേശികമായ വഴക്കുകളെ മറക്കാനും ഇത്തരമൊരു നേതൃയോഗം മതിയായിരുന്നു.വൈകിയാണെങ്കിലും സംഗമം ഫലം കണ്ടു.ഒത്തൊരുമിച്ച് മുന്നോട്ടു പോകാൻ പ്രതിജ്ഞാബദ്ധരായി അവർ മടങ്ങി.ബാംഗ്ലൂരിലെ രണ്ടാമത്തെ യോഗത്തിൽ കൂടുതൽ പാർട്ടികളെ പങ്കെടുപ്പിക്കാൻ ആയതുതന്നെ പട്നയിലെ സംഗമത്തിന്റെ വിജയം വിളിച്ചോതുന്നു.ബാംഗ്ലൂരിലെ യോഗത്തിലാണ് "ഇന്ത്യ " (ഇന്ത്യൻ നാഷണൽ ഡെവലപ്മെൻറ് ഇൻക്ലൂസീവ് അലൈൻസ്) മുന്നണി പ്രഖ്യാപിച്ചത്.
വൈവിധ്യമായ രാഷ്ട്രത്തെ വർഗീയത കൊണ്ട് ഭിന്നമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാരിൽ നിന്ന് കഴിഞ്ഞ ഒമ്പത് വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഹിന്ദുത്വ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. . മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസി സമൂഹത്തെയും നിരന്തരം സൂചനം ചെയ്യുന്ന പ്രവർത്തനങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.കേന്ദ്രത്തിനെതിരെ വിരൽചൂണ്ടുന്ന മാധ്യമപ്രവർത്തകരെയടക്കം രാജ്യദ്രോഹികളായി മുദ്രകുത്തുന്നു.ജനാധിപത്യത്തിൽ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ സ്ഥാനമുണ്ട്.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നത് മാത്രമായി ഈ പോരാട്ടത്തെ വിശേഷിപ്പിക്കാൻ കഴിയില്ല.രണ്ട് ധ്രുവങ്ങളിലായി കഴിയുന്ന ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്.ഒന്ന് മതേതരത്വവും ജനാധിപത്യവും ആണെങ്കിൽ മറ്റേത് ഏകാധിപത്യവും വർഗീയതയുമാണ്.
പ്രതിപക്ഷ സഖ്യത്തിന് "ഇന്ത്യ " എന്ന പേര് നൽകിയതിലൂടെ എൻഡിഎയും ഇന്ത്യയും തമ്മിലുള്ള ആശയുദ്ധമായി പോരാട്ടത്തെ ചിത്രീകരിക്കാൻ സാധിച്ചിട്ടുണ്ട്.രാജ്യത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ പുനസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന നേതാക്കളുടെ പ്രതികരണത്തിൽ നിന്നും അത് വ്യക്തമാണ്.ബിജെപി എത്രതന്നെ നിഷേധിച്ചാലും ഈ സഖ്യം അവരിൽ ഉണ്ടാക്കിയ ആശങ്ക വളരെ വലുതാണ്.കൃത്യമായി യോഗങ്ങളോ പരിപാടികളോ നടത്താത്ത എൻഡിഎ ചെറുകക്ഷികൾ ഉൾപ്പെടെ 38 പാർട്ടികളെ അണിനിരത്തിയത് ഭയപ്പാട് കൊണ്ട് തന്നെ.ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ത്യ എന്നത് കൊളോണിയന്‍ പദമാണെന്നും ഭാരതം എന്നാണ് യാഥാർത്ഥ്യം എന്നും പ്രസ്താവിച്ചത് പോരാട്ടത്തെ മറ്റൊരു ധ്രുവത്തിലേക്ക് ചലിപ്പിക്കാൻ വേണ്ടിയാണ്.എന്നാൽ "ഇന്ത്യ" മുന്നണിയുടെ ഏകോപനത്തിന് മുന്നിൽ അധികനേരം ഈ വിഷയത്തെ ആളിക്കത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചില്ല.ഭാരതം ഒന്നിക്കുന്നു ഇന്ത്യ വിജയിക്കുന്നു എന്ന മുദ്രാവാക്യം ഇന്ത്യ മുന്നണി ഉയർത്തിപ്പിടിച്ചതോടെ ചർച്ചക്ക് വിരാമം കുറിച്ചു.
ജനാധിപത്യ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയാണ് "ഇന്ത്യ"യെ നോക്കിക്കാ ണുന്നത്.കേവലം 37 വോട്ട് ശതമാനമാണ് ബിജെപിക്ക് നിലവിൽ ലോക്സഭയിൽ ഉള്ളത്.എൻഡിഎ മുന്നണിക്കാകട്ടെ 45 ശതമാനവും .55 ഓളം ശതമാനം വോട്ട് വീതമുള്ള പ്രതിപക്ഷം കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരങ്ങളുമായി മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതമാണ്..
നേതൃത്വം തന്നെയാണ് ഇന്ത്യ മുന്നണിയുടെ കരുത്ത്.പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കാരണം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന സോണിയ ഗാന്ധി കർമ്മ രംഗത്ത് ഇന്ന് സജീവമാണ്.കോൺഗ്രസ് അധ്യക്ഷൻ അല്ലെങ്കിലും സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷികളെ സംയോജിപ്പിക്കുന്നതിൽ മുന്നിൽ തന്നെ നിൽക്കുന്നു .പ്രഥമ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കൂടുതൽ ജനസമ്മിതി നേടിയ രാഹുൽഗാന്ധി തന്നെയാണ് പ്രതിപക്ഷത്തിലെ ജനപ്രിയ മുഖം.ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം കരുത്തുറ്റ വാക്കുകൾ കൊണ്ട് ബിജെപിയെയും കേന്ദ്രത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ രാഹുൽഗാന്ധി വിജയിച്ചിട്ടുണ്ട്.കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഗാർഗെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ഹിമാചൽ , കർണാടക വിജയം അദ്ദേഹത്തിന്റെ നേതൃമികവിന്റെ അടയാളം തന്നെയാണ്.ഗാന്ധി കുടുംബത്തോട് മതിപ്പില്ലാത്തവർക്ക് കോൺഗ്രസുമായി ബന്ധപ്പെടാനുള്ള ഒരു മാധ്യവർത്തിയായും ഖാർഗെ നിലകൊള്ളുന്നു.
സംസ്ഥാന മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ ,അരവിന്ദ് കെജരിവാൾ , മമതാ ബാനർജി എന്നിവർ നിരന്തരം ബിജെപിയെ കടന്നാക്രമിക്കുന്നവരാണ്.എൻഡിഎ പാളയം വിട്ടെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിജെപിയോടുള്ള അരിശം തീർന്നിട്ടില്ല.ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങി കൊടുക്കാത്ത ഉദ്ധവ് താക്കറെയും ശരത് പവാറും ബി.ജെ.പിക്കെതിരെ ഉറച്ച ശക്തിയായി നിലകൊള്ളുന്നു.ഇവർക്ക് പുറമേ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ അനവധി നിരവധി നേതാക്കൾ വേറെയും. ഈ നേതൃശക്തികളെ എങ്ങനെ സഖ്യം ഉപയോഗപ്പെടുത്തുമെന്നതാണ് ഇനിയുള്ള ദിവസങ്ങളിൽ നാം നോക്കിക്കാണുന്നത്.
ബാസിത് മലയമ്മ

COMMENTS